ബൈജൂസിന് അമേരിക്കയിലും തിരിച്ചടി

By: 600007 On: Mar 15, 2024, 12:39 PM

 

വാഷിങ്ടണ്‍: എഡ്യു - ടെക് സ്ഥാപനമായ ബൈജൂസിന് അമേരിക്കയിലെ കോടതിയിലും തിരിച്ചടി. ബൈജൂസിന്‍റെ 533 മില്യൺ ഡോളർ (4440 കോടി രൂപ) ബാങ്ക് അക്കൌണ്ടിൽ മറ്റൊരാവശ്യത്തിനും ചെലവഴിക്കാതെ മരവിപ്പിക്കാനാണ് ഉത്തരവ്. ടെക് കമ്പനിയായ തിങ്ക് ആന്‍റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനാണ് യുഎസ് ബാങ്ക്റപ്റ്റ്സ് ജഡ്ജി ജോണ്‍ ഡോർസി നിർദേശം നൽകിയത്. ബൈജൂസ് അമേരിക്കൻ നിക്ഷേപ സ്ഥാപനത്തിലേക്ക് മാറ്റിയെന്ന് കരുതുന്ന പണമാണിത്. 

ബൈജൂസ് തങ്ങള്‍ക്ക് നൽകാനുള്ള പണത്തിനു മേൽ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് വായ്പക്കാർ കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് കോടതിയുടെ ഇടപെടൽ. പണം ഫെഡറൽ കോടതിയുടെ നിയന്ത്രണത്തിലാക്കണമെന്നായിരുന്നു വായ്പാ ദായകരുടെ ആവശ്യം. കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളും ബൈജു രവീന്ദ്രന്‍റെ സഹോദരനുമായ റിജു രവീന്ദ്രനെ ലക്ഷ്യമിട്ടുള്ളതാണ് ജഡ്ജി ഡോർസിയുടെ ഉത്തരവ്. പണം എവിടെയാണുള്ളതെന്ന് റിജു വെളിപ്പെടുത്തിയിരുന്നില്ല. തുടർന്ന് കോടതി രൂക്ഷ വിമർശനം നടത്തി. ഈ പറയുന്നത് വിശ്വസിക്കാനാവില്ല എന്നാണ് ജഡ്ജി പ്രതികരിച്ചത്.